പാലക്കാട്: ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് സ്വദേശിനി ജിനു (21) ആണ് മരിച്ചത്. ചെന്നൈ അംബേദ്കർ ലോ കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.(Accident in Chennai after cars collide, Malayali law student dies tragically)
ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കോട്ടൂർപുരം ഗാന്ധിമണ്ഡപം റോഡിൽ അണ്ണാ സർവകലാശാലയുടെ ഔട്ടർ ഗേറ്റിന് സമീപമായിരുന്നു അപകടം. കോളേജ് പരിപാടിയിൽ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടിലാക്കി സുഹൃത്തുക്കൾക്കൊപ്പം കോളേജിലേക്ക് മടങ്ങുകയായിരുന്നു ജിനു.
വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ പോയിരുന്ന വാഹനം പെട്ടെന്ന് യൂ ടേൺ എടുത്തതാണ് അപകടത്തിന് കാരണമായത്. മുന്നിലെ കാർ പെട്ടെന്ന് വെട്ടിച്ചതോടെ നിയന്ത്രണം വിട്ട രണ്ട് വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്നും തെറിച്ചുവീണ ജിനു സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ജിനുവിനൊപ്പമുണ്ടായിരുന്ന സഹപാഠികൾക്കും മുന്നിലെ കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റു.

