ബെംഗളൂരു: അബദ്ധത്തിൽ കാലിൽ ചവിട്ടിയതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. ബെംഗളൂരു ബസവേശ്വര നഗറിലെ തട്ടുകടയിൽ വച്ച് മഞ്ജുനാഥ് നഗർ സ്വദേശി ശശികുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ ഭാഗ്യരാജ്, മഞ്ജുനാഥ് എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.(Argument over stepping on foot, Youth stabbed to death in Bengaluru)
സ്വകാര്യ ലോൺ റിക്കവറി സ്ഥാപനത്തിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ശശികുമാർ. ഭാര്യ പ്രസവശുശ്രൂഷയ്ക്കായി സ്വന്തം വീട്ടിലായതിനാൽ രാത്രി ഭക്ഷണം കഴിക്കാനാണ് ശശികുമാർ തിമ്മയ്യ റോഡിലെ കടയിൽ എത്തിയത്. ഈ സമയത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്.
ദോശ കഴിക്കുന്നതിനിടെ ശശികുമാർ അബദ്ധത്തിൽ അവിടെയുണ്ടായിരുന്ന മഞ്ജുനാഥ് എന്നയാളുടെ കാലിൽ ചവിട്ടി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും മഞ്ജുനാഥ് തന്റെ സഹോദരൻ ഭാഗ്യരാജിനെ ഫോണിൽ വിളിച്ചു വരുത്തുകയുമായിരുന്നു. സ്ഥലത്തെത്തിയ ഭാഗ്യരാജ് കൈവശമുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശശികുമാറിന്റെ കഴുത്തിൽ വെട്ടി.
ഗുരുതരമായി പരിക്കേറ്റ ശശികുമാർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ രണ്ടാമത്തെ പ്രസവത്തിനായി വീട്ടിൽ പോയ സമയത്താണ് ശശികുമാറിന്റെ അപ്രതീക്ഷിത മരണം.

