റായ്പൂർ: ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ മദ്യപാനത്തെ എതിർത്ത പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അംബികാപൂർ സ്വദേശിയായ പരസ് കെർക്കറ്റ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രഭാത് കെർക്കറ്റയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം വാട്ടർ ടാങ്കിൽ തള്ളിയ പ്രതി, യാതൊരു കുറ്റബോധവുമില്ലാതെ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച് വന്ന് ഉറങ്ങിയത് പോലീസിനെപ്പോലും ഞെട്ടിച്ചു.(Son Murders father and throws his body in water tank and goes to eat biryani)
ബഹെരപാരയിലെ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്നു പരസ്. മകൻ പ്രഭാത് സമീപത്തുള്ള വാടകവീട്ടിലായിരുന്നു താമസം. മകന്റെ അമിതമായ മദ്യപാനത്തെ പരസ് നിരന്തരം ചോദ്യം ചെയ്യാറുണ്ടായിരുന്നു. സംഭവദിവസം ഇതേച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം നടന്നു. പ്രകോപിതനായ പ്രഭാത് വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് പലതവണ വെട്ടുകയായിരുന്നു.
പിതാവ് മരിച്ചെന്ന് ഉറപ്പുവരുത്തിയ പ്രഭാത്, മൃതദേഹം വലിച്ചിഴച്ച് വീടിന് സമീപത്തെ ചെറിയ വാട്ടർ ടാങ്കിനുള്ളിൽ തള്ളി. തുടർന്ന് അടുത്തുള്ള കടയിലെത്തി ബിരിയാണി കഴിച്ച ശേഷം ഇയാൾ സ്വന്തം വീട്ടിൽ മടങ്ങിയെത്തി സുഖമായി കിടന്നുറങ്ങി. പിറ്റേന്ന് പകൽ പരസിനെ വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് വാട്ടർ ടാങ്കിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.
മദ്യപാനത്തെച്ചൊല്ലി അച്ഛനും മകനും തമ്മിൽ മുൻപും നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് സമീപവാസികൾ പോലീസിന് മൊഴി നൽകി. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

