മസ്‌കറ്റ്: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഒമാൻ ഭരണകൂടം രാജ്യത്തെ ആകാശപരിധിയിൽ കടുത്ത സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. ഒമാനിലെ ദുഖും തുറമുഖത്തിന് നേരെ വീണ്ടും ഡ്രോണാക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർണ്ണായക നീക്കം.(Restrictions in Oman, Ban on drones and air sports)
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒമാനിൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം മനുഷ്യരഹിത വിമാനങ്ങൾക്കും വായുമാർഗമുള്ള കായിക വിനോദങ്ങൾക്കും സിവിൽ ഏവിയേഷൻ അതോറിറ്റി താൽക്കാലിക നിരോധനം ഏർപ്പെടുത്തി. സർക്കാർ, വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് നിയന്ത്രണം ബാധകമാണ്. പാരാഗ്ലൈഡിംഗ്, പാരാമോട്ടോർ തുടങ്ങിയ എയർ സ്പോർട്സ് പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഉത്തരവിട്ടു.
മാർച്ച് 3 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ തുടരും. സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ നിലവിലുള്ള വിമാന സർവീസുകളെ ഉടൻ പ്രയോജനപ്പെടുത്തണം. ഇറാനിലെ ടെഹ്‌റാനിലുള്ള ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇവർക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും എംബസി ഉറപ്പാക്കിയിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ദുബായിലെ ഗ്ലോബൽ വില്ലേജ് ഇന്നും അടഞ്ഞു കിടക്കും.

