ടെൽ അവീവ്: വടക്കൻ ഇസ്രായേലിലെ പ്രധാന വ്യോമതാവളമായ റാമത്ത് ഡേവിഡിന് നേരെ ഹിസ്ബുള്ള ശക്തമായ ഡ്രോൺ ആക്രമണം നടത്തി. ഇന്ന് പുലർച്ചെ ‘ഡ്രോൺ കൂട്ടങ്ങളെ’ അയച്ചാണ് ലബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ആക്രമണം നടത്തിയത് (Hezbollah Drone Attack Ramat David Air Base). വ്യോമതാവളത്തിലെ റഡാർ കേന്ദ്രങ്ങളെയും കൺട്രോൾ റൂമുകളെയും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ലബനനിൽ ഇസ്രായേൽ നടത്തിയ മാരകമായ വ്യോമാക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് ഹിസ്ബുള്ള പ്രസ്താവനയിൽ അറിയിച്ചു.
ഇറാൻ പരമോന്നത നേതാവ് ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിലുടനീളം യുദ്ധം പടരുകയാണ്. ലബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പകരമായാണ് ഹിസ്ബുള്ള ഇസ്രായേലിന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത്. ഇസ്രായേൽ പ്രതിരോധ സേന ഹിസ്ബുള്ളയുടെ പല ഡ്രോണുകളെയും ആകാശത്തുവെച്ച് തകർത്തെങ്കിലും, ചിലത് ലക്ഷ്യസ്ഥാനത്ത് പതിച്ചതായാണ് സൂചന. ഹിസ്ബുള്ളയുടെ മുതിർന്ന നേതാവ് മുഹമ്മദ് റാദിനെ ഇസ്രായേൽ വധിച്ചതായും റിപ്പോർട്ടുകളുണ്ട്.

