കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ സിപിഎം മത്സരിക്കുന്ന ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി സാധ്യത പട്ടിക ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കി. മന്ത്രി വി.എൻ. വാസവൻ തന്നെ ഏറ്റുമാനൂരിൽ വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായിട്ടുണ്ട്.(CPM candidate list in Kottayam, VN Vasavan will contest from Ettumanoor)
ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവന്റെ പേര് മാത്രമാണ് പട്ടികയിലുള്ളത്. സിറ്റിംഗ് എംഎൽഎ എന്ന നിലയിലും മന്ത്രി എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ സ്വാധീനം മണ്ഡലത്തിൽ ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
കോട്ടയത്ത് രണ്ട് പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഹരികുമാർ എന്നിവരാണവർ. പുതുപ്പള്ളിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എം. രാധാകൃഷ്ണൻ, ഏരിയ സെക്രട്ടറി സുഭാഷ് പി. വർഗീസ് എന്നിവരുടെ പേരുകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ ഈ പട്ടിക സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. സംസ്ഥാന നേതൃത്വത്തിന്റെ ചർച്ചകൾക്ക് ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാവുക.

