തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ കെ.എസ്. ബൈജു, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. കേസിൽ ജയിലിൽ കഴിയുന്ന കെ.എസ്. ബൈജു നാളെ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിക്കും.(Sabarimala gold theft case, Remand period of 3 accused extended)
റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് കെ.എസ്. ബൈജുവിനെയും ഗോവർധനെയും നേരിട്ടും, പങ്കജ് ഭണ്ഡാരിയെ ഓൺലൈൻ വഴിയുമാണ് കോടതിയിൽ ഹാജരാക്കിയത്. കോടതി ഇവരെ വീണ്ടും റിമാൻഡ് ചെയ്തു.
കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ്യം ലഭിച്ച കെ.എസ്. ബൈജുവിന്, നിലവിൽ തടസ്സമായി നിൽക്കുന്നത് ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് ആണ്. ഈ കേസിൽ കൂടി സ്വാഭാവിക ജാമ്യം ലഭിച്ചാൽ അദ്ദേഹത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ മുഖ്യപ്രതിയടക്കം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.

