കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായ ആസ്ഥാനങ്ങളിൽ സന്ദർശനം നടത്തി രമേശ് ചെന്നിത്തല. രാവിലെ ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകത്ത് എത്തി കാതോലിക്കാ ബാവയെ കണ്ട അദ്ദേഹം, പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തും സന്ദർശനം നടത്തി.(Ramesh Chennithala visits community headquarters)
എൻഎസ്എസ് ആസ്ഥാനത്തെത്തിയ ചെന്നിത്തല പുഷ്പാർച്ചന നടത്തി. എന്നാൽ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കോളേജ് കാലം മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താറുണ്ട്. എൻഎസ്എസുമായി ഇപ്പോൾ യാതൊരു അകൽച്ചയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ദേവലോകത്തെത്തി ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ദേവലോകം തനിക്ക് പ്രിയപ്പെട്ടയിടമാണെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ കേരളത്തിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണെന്ന് ചെന്നിത്തല അവകാശപ്പെട്ടു.

