ചെന്നൈ: ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ടീം ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ തങ്ങളുടെ തന്ത്രങ്ങൾ വെളിപ്പെടുത്തി സിംബാബ്‌വെ കോച്ച് ജസ്റ്റിൻ സാമൺസ്. വെസ്റ്റ് ഇൻഡീസിനോടേറ്റ കനത്ത തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് ടീം ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നത്.(Ready to face India, Zimbabwe coach says attacking style will continue)
വെസ്റ്റ് ഇൻഡീസ് സ്വീകരിച്ച അതേ ആക്രമണ ശൈലിയിലാകും ഇന്ത്യയും ഇന്നിംഗ്സ് ആരംഭിക്കുകയെന്ന് തങ്ങൾക്കറിയാമെന്നും, അതിനെ പ്രതിരോധിക്കാൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ 8-ൽ വെസ്റ്റ് ഇൻഡീസിനോട് 107 റൺസിന് പരാജയപ്പെട്ടത് ടീമിനെ തളർത്തുന്നില്ല. മറിച്ച്, സമ്മർദ്ദ ഘട്ടങ്ങളിൽ എങ്ങനെ ശാന്തത പാലിക്കണമെന്നും വേഗത്തിൽ തീരുമാനങ്ങൾ എടുക്കണമെന്നും ആ മത്സരത്തിലൂടെ പഠിച്ചതായി കോച്ച് വ്യക്തമാക്കി.
വിൻഡീസിനെതിരെ ഒരേ ലൈനിലും ലെങ്തിലും പന്തെറിഞ്ഞത് തിരിച്ചടിയായി. ചെന്നൈയിലെ പിച്ചിൽ ഇന്ത്യൻ ബാറ്റർമാരെ കുഴപ്പിക്കാൻ വ്യത്യസ്തമായ ബൗളിങ് ശൈലികൾ പരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെസ്റ്റ് ഇൻഡീസിനോടേറ്റ വലിയ തോൽവിക്ക് ശേഷം സിംബാബ്‌വെക്ക് ഈ മത്സരം അതിനിർണ്ണായകമാണ്.

