തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് മാറ്റം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ചർച്ചയാകുന്നു (Suresh Gopi Vote Change). ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 697-ാം നമ്പർ വോട്ടറായാണ് ഇത്തവണ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തുക. ക്ഷേത്രത്തിന് സമീപമുള്ള ‘അച്യുതം’ എന്ന സ്വന്തം ഫ്ലാറ്റിന്റെ വിലാസത്തിലാണ് വോട്ട് ചേർത്തിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ഓഫീസിന്റെ വിശദീകരണം ഇങ്ങനെ..
വോട്ടർപട്ടിക പുതുക്കിയപ്പോൾ വോട്ട് മാറിയത് സംബന്ധിച്ച വിവാദങ്ങളിൽ വ്യക്തത വരുത്തിയാണ് എം.പിയുടെ ഓഫീസ് പ്രസ്താവനയിറക്കിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് തൃശൂർ നെട്ടിശേരിയിലെ വാടക വീടിന്റെ വിലാസത്തിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. ഈ വീട് ഉടമസ്ഥൻ വിറ്റതിനാലാണ് വോട്ട് ഗുരുവായൂരിലെ സ്വന്തം ഫ്ലാറ്റിലേക്ക് മാറ്റിയത്. സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരിലേക്ക് മാറിയപ്പോൾ, കുടുംബാംഗങ്ങളുടെ വോട്ട് തിരുവനന്തപുരത്തേക്ക് മാറ്റിയതായും ഓഫീസ് അറിയിച്ചു.
അനിൽ അക്കരയുടെ വിമർശനം:
സുരേഷ് ഗോപിയുടെ വോട്ട് മാറ്റത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ശ്രദ്ധേയമായി.
“കുമ്പിടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ. രണ്ട് മാസം മുമ്പ് തിരുവനന്തപുരത്തും ഒരു വർഷം മുമ്പ് തൃശൂരിലുമായിരുന്നു വോട്ട്. ഇത്തവണ കുടുംബസമേതമല്ല, ഒറ്റയ്ക്കാണ്. സമ്മതിക്കണം ഇദ്ദേഹത്തെ!” – അനിൽ അക്കര കുറിച്ചു.
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വ്യത്യസ്ത ഇടങ്ങളിൽ വോട്ട് ചെയ്തത് ചൂണ്ടിക്കാട്ടി സുരേഷ് ഗോപിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇത്തവണ ഗുരുവായൂരിൽ വോട്ട് ചേർത്തതോടെ അദ്ദേഹം ആ മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമോ എന്ന ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്.
Story Summary: Union Minister Suresh Gopi’s vote has been shifted to Guruvayur constituency for the upcoming assembly elections. His office clarified that the change was due to the sale of his rented house in Nettissery. Congress leader Anil Akkara criticized Gopi, mocking his frequent vote shifts across Thrissur and Thiruvananthapuram.

