മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ സ്വരാജ് ട്രാക്ടേഴ്സ്, ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ എം.എസ് ധോണിയുമായുള്ള കരാര്‍ പുതുക്കി. സ്വന്തം കൃഷിയിടത്തില്‍ ഉപയോഗിക്കാന്‍ സ്വരാജ് ട്രാക്ടര്‍ തിരഞ്ഞെടുത്ത മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയിലാണ് ധോണി ഈ ബ്രാന്‍ഡുമായി ബന്ധപ്പെടുന്നത്. ഇത് ഈ പങ്കാളിത്തത്തിന് കൂടുതല്‍ വിശ്വാസ്യതയും യാഥാര്‍ഥ്യബോധവും നല്‍കി.
ബ്രാന്‍ഡിന്‍റെ മുഖമെന്ന നിലയില്‍, പ്രധാന വിപണികളില്‍ സ്വരാജിന്‍റെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കുന്നതിലും ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നതിലും എം.എസ് ധോണി വലിയ പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ലളിതവും, എന്നാല്‍ കരുത്തുറ്റതുമായ വ്യക്തിത്വവും വിശ്വാസ്യതയും സ്വരാജ് ട്രാക്ടേഴ്സിന്‍റെ മൂല്യങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നുമുണ്ട്.
വിശ്വാസ്യതയുടെ പാരമ്പര്യവും പുത്തന്‍ സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ചുകൊണ്ട്, കൃഷിഭൂമികള്‍ക്കായി ഭാവിയിലേക്കൊരുങ്ങുന്ന ഒരു ബ്രാന്‍ഡായി മാറാനാണ് സ്വരാജ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. കരാര്‍ പുതുക്കിയതോടെ, വരാനിരിക്കുന്ന ക്യാമ്പയിനുകളില്‍ ധോണി ഒരുഭാഗമാകും. കൂടാതെ, ഇന്ത്യന്‍ കര്‍ഷകരുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വരാജ് പുറത്തിറക്കുന്ന പുതിയ ഉത്പന്നങ്ങളുടെ അവതരണത്തിലും അദ്ദേഹം പ്രധാന പങ്കുവഹിക്കും.
വിശ്വസ്തത, ആധികാരികത, പ്രകടനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വരാജിന്‍റെ അതേ മൂല്യങ്ങളാണ് എം.എസ് ധോണിയും പ്രതിഫലിപ്പിക്കുന്നതെന്ന് പങ്കാളിത്തം പുതുക്കിയതിനെ കുറിച്ച് സംസാരിക്കവേ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിലെ സ്വരാജ് ഡിവിഷന്‍ സിഇഒ ഗഗന്‍ജോത് സിങ് പറഞ്ഞു. ധോണിയുമായുള്ള പങ്കാളിത്തം ഉപഭോക്താക്കളുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

