ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിയുമായി പാകിസ്ഥാൻ. ഞായറാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തി മേഖലകളിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്ഥാൻ താലിബാന്റെയും മറ്റ് അനുബന്ധ ഭീകര സംഘടനകളുടെയും ഏഴ് ഒളിത്താവളങ്ങൾ തകർത്തതായി പാക് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ അറിയിച്ചു. നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം.(Pakistan’s strike across the Afghan border, Claims to have destroyed terrorist camps)
തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ, ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ തുടങ്ങിയ സംഘടനകളുടെ ക്യാമ്പുകളെയാണ് പാകിസ്ഥാൻ ലക്ഷ്യം വെച്ചത്. ഫിറ്റ്ന അൽ ഖ്വാരിജ് താവളങ്ങളിലും ആക്രമണം നടന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഔദ്യോഗികമായി സ്ഥലം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബെർമൽ, നംഗർഹാർ പ്രവിശ്യയിലെ ഖോഗ്യാനി, ബഹ്സോദ് തുടങ്ങിയ ഇടങ്ങളിൽ പാക് വ്യോമസേനയുടെ ജെറ്റുകൾ ബോംബിംഗ് നടത്തിയതായി റിപ്പോർട്ട് ചെയ്തു. അടുത്തിടെ പാകിസ്ഥാനിലെ ബജൗർ, ബന്നു, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ നടന്ന ചാവേർ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ സൈനിക നടപടി. ബജൗറിൽ 11 സൈനികരുടെ മരണത്തിന് ഇടയാക്കിയ ചാവേർ അഫ്ഗാൻ പൗരനാണെന്ന് പാകിസ്ഥാൻ കണ്ടെത്തിയിരുന്നു.
സ്വന്തം മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരെയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന ദോഹ കരാർ അഫ്ഗാൻ പാലിക്കുന്നില്ലെന്ന് പാകിസ്ഥാൻ ആരോപിച്ചു. ഇക്കാര്യത്തിൽ അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്മേൽ സമ്മർദ്ദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹത്തോട് പാകിസ്ഥാൻ അഭ്യർത്ഥിച്ചു. കഴിഞ്ഞ ഒക്ടോബർ മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിതീവ്രമായ സംഘർഷാവസ്ഥയിലാണ്.

