ന്യൂഡൽഹി: ആഗോള ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടാനും പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനും ഇന്ത്യയും ഓസ്‌ട്രേലിയയും തീരുമാനിച്ചു. ഓസ്‌ട്രേലിയൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ഓസ്‌ട്രേലിയൻ കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ടും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണ്ണായക ധാരണകളിലെത്തിയത്.(India and Australia to strengthen defense cooperation)
2026-ൽ ഇന്ത്യയിൽ വെച്ച് നടക്കാനിരിക്കുന്ന സംയുക്ത സൈനികാഭ്യാസമായ ‘ഓസ്‌ട്രഹിന്ദ്’ കൂടുതൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ തീരുമാനമായി. ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും.
സിഡ്‌നിയിൽ വെച്ച് ഫോഴ്‌സ് കമാൻഡ്, സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ്, ഓസ്‌ട്രേലിയൻ ആർമിയുടെ രണ്ടാം ഡിവിഷൻ എന്നിവയുടെ ഉന്നത നേതൃത്വവുമായി ജനറൽ ദ്വിവേദി ചർച്ചകൾ നടത്തി. നിലവിലുള്ള സൈനിക ഇടപെടലുകൾ അവലോകനം ചെയ്ത അദ്ദേഹം സഹകരണം വർധിപ്പിക്കുന്നതിനുള്ള പുതിയ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.

