വാഷിങ്ടൻ: വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ, പുതിയ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% അധിക പകരച്ചുങ്കം ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. നിലവിലുള്ള തീരുവകൾക്ക് പുറമെയാണിത്.(Trump’s response to Supreme Court ruling, 10% retaliatory tariff announced globally for 150 days)
ഇന്ത്യയ്ക്കു മേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും തനിക്ക് നല്ല ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1974-ലെ വ്യാപാര നിയമപ്രകാരമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വൻ തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ–പാക്ക് യുദ്ധം ഉൾപ്പെടെ അഞ്ച് യുദ്ധങ്ങൾ താൻ നിർത്തിച്ചെന്ന വാദം ട്രംപ് ആവർത്തിച്ചു.
സുപ്രീം കോടതി വിധിയെ ‘ഭയാനകം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തനിക്കെതിരെ വോട്ട് ചെയ്ത ജഡ്ജിമാർ രാജ്യസ്‌നേഹമില്ലാത്തവരും ഭരണഘടനയോട് കൂറില്ലാത്തവരുമാണെന്ന് അദ്ദേഹം ആരോപിച്ചു. മറ്റു രാജ്യങ്ങളുടെ അന്യായമായ വ്യാപാര രീതികളിൽ നിന്ന് അമേരിക്കയെ സംരക്ഷിക്കാൻ പ്രത്യേക അന്വേഷണവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗോള താരിഫുകൾ നിയമവിരുദ്ധമാണെന്ന് വിധിച്ച യുഎസ് സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ അതിരൂക്ഷമായ അധിക്ഷേപവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി അംഗങ്ങളെ ‘വിഡ്ഢികളെന്നും’ തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ ‘വളർത്തുപട്ടികളെന്നും’ ട്രംപ് വിശേഷിപ്പിച്ചു. രാജ്യത്തിന് വേണ്ടി ശരിയായ തീരുമാനമെടുക്കാൻ ധൈര്യമില്ലാത്ത ജഡ്ജിമാരെ ഓർത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതി വിധിയെ വിദേശ താത്പര്യങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്ന് ട്രംപ് ആരോപിച്ചു. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം വ്യാഖ്യാനിച്ചതിലൂടെ ജഡ്ജിമാർക്ക് തെറ്റുപറ്റി. എന്നാൽ താരിഫുകളെ കോടതി പൂർണ്ണമായി റദ്ദാക്കിയിട്ടില്ലെന്നും അതിനാൽ മറ്റ് നിയമങ്ങൾ ഉപയോഗിച്ച് തീരുവ ഈടാക്കുന്നത് തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇതിന് പിന്നാലെ 1974-ലെ വ്യാപാര നിയമം പ്രകാരം ആഗോളതലത്തിൽ 10 ശതമാനം താരിഫ് ചുമത്തുന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. തന്റെ നിലപാടിനെ പിന്തുണച്ച മൂന്ന് ജഡ്ജിമാരെ ട്രംപ് പേരെടുത്ത് പ്രശംസിച്ചു. ജഡ്ജിമാരായ തോമസ്, അലിറ്റോ, കാവനോ എന്നിവരുടെ ധീരതയെയും അറിവിനെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മുൻപ് പ്രസിഡന്റായിരുന്നപ്പോൾ ട്രംപ് തന്നെ നാമനിർദേശം ചെയ്ത രണ്ട് ജഡ്ജിമാർ വിധിയിൽ അദ്ദേഹത്തിനെതിരെ നിലപാടെടുത്തുവെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവകൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് സുപ്രീം കോടതി അവ റദ്ദാക്കിയത്. ദേശീയ അടിയന്തരാവസ്ഥകളിൽ മാത്രം ഉപയോഗിക്കേണ്ട 1977-ലെ ‘ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട്’ ഉപയോഗിച്ച് തീരുവകൾ പ്രഖ്യാപിച്ചത് പ്രസിഡന്റിന്റെ അധികാരപരിധി ലംഘിക്കലാണെന്ന് കോടതി നിരീക്ഷിച്ചു. നികുതിയും താരിഫും ചുമത്താനുള്ള അധികാരം യുഎസ് ഭരണഘടന പ്രകാരം കോൺഗ്രസിനാണ്, പ്രസിഡന്റിനല്ലെന്ന് കോടതി വ്യക്തമാക്കി.
ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും പ്രമുഖ കമ്പനികളും നൽകിയ ഹർജിയിലാണ് ഈ നിർണായക വിധി വന്നത്. ട്രംപിന്റെ പുതിയ നീക്കം ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളെയും ആഗോള വിപണിയെയും എങ്ങനെ ബാധിക്കുമെന്നാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.
ആഗോള താരിഫുകൾ ചുമത്താനുള്ള തന്റെ അധികാരം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ, ഇന്ത്യയുമായുള്ള വ്യാപാര കരാറുകളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി വിധി എന്തുതന്നെയായാലും ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാറിൽ മാറ്റമുണ്ടാകില്ലെന്നും അത് നടപ്പിലാക്കുമെന്നും ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മഹാനായ മാന്യൻ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അതേസമയം തന്നെ വ്യാപാര കാര്യങ്ങളിൽ അദ്ദേഹം മുൻപ് അമേരിക്കയെ കബളിപ്പിക്കുകയായിരുന്നുവെന്നും ആരോപിച്ചു. മോദി മുൻപുണ്ടായിരുന്നവരേക്കാൾ മിടുക്കനാണ്. അമേരിക്കയുടെ കാര്യത്തിൽ അദ്ദേഹം ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ ഇന്ത്യയുമായി പുതിയ കരാർ ഉണ്ടാക്കി. ഇത് ന്യായമായ ഇടപാടാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കരാർ പ്രകാരം ഇന്ത്യ അമേരിക്കയ്ക്ക് താരിഫ് നൽകുമെന്നും എന്നാൽ അമേരിക്ക തിരിച്ചൊന്നും നൽകേണ്ടതില്ലെന്നും ട്രംപ് അവകാശപ്പെട്ടു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറിയത് തന്റെ അഭ്യർത്ഥന പ്രകാരമാണെന്ന് ട്രംപ് വെളിപ്പെടുത്തി. പ്രതിമാസം 25,000 പേർ മരിക്കുന്ന ഭയാനകമായ യുദ്ധം അവസാനിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ താരിഫ് ഭീഷണിയെത്തുടർന്ന് ചർച്ച ചെയ്ത ഭൂരിഭാഗം വ്യാപാര കരാറുകളും പ്രാബല്യത്തിൽ തുടരുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
താരിഫ് ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരം റദ്ദാക്കിയ സുപ്രീം കോടതിയെ വിദേശ താല്പര്യങ്ങൾ സ്വാധീനിച്ചുവെന്ന് ട്രംപ് ആരോപിച്ചു. 6-3 ഭൂരിപക്ഷത്തിലാണ് ട്രംപിന്റെ താരിഫ് നടപടി സുപ്രീം കോടതി റദ്ദാക്കിയത്. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കേണ്ട 1977-ലെ ‘ഐ.ഇ.ഇ.പി.എ’ നിയമം ദുരുപയോഗം ചെയ്ത് താരിഫ് ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.
നികുതിയും തീരുവയും നിശ്ചയിക്കാനുള്ള അധികാരം ഭരണഘടന പ്രകാരം കോൺഗ്രസിനാണ്, പ്രസിഡന്റിനല്ലെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് താരിഫുകൾ അനിവാര്യമാണെന്നും അവയില്ലാതെ രാജ്യം തകരുമെന്നുമുള്ള തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ട്രംപ്. കോടതി വിധിയെ മറികടക്കാൻ മറ്റ് നിയമവഴികൾ തേടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

