ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ ഇടക്കാല വ്യാപാരക്കരാർ ഈ വർഷം ഏപ്രിലിൽ പ്രവർത്തനക്ഷമമാകുമെന്ന് പീയുഷ് ഗോയൽ. മറ്റ് പ്രമുഖ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറുകളെക്കുറിച്ചും വെള്ളിയാഴ്ച നടന്ന ചടങ്ങിൽ അദ്ദേഹം സുപ്രധാന വിവരങ്ങൾ പങ്കുവെച്ചു.(India-US trade deal to come into effect in April, says Piyush Goyal)
കരാറിന്റെ നിയമപരമായ കരട് അന്തിമമാക്കുന്നതിനായി ഫെബ്രുവരി 23 മുതൽ മൂന്ന് ദിവസത്തെ ഉന്നതതല യോഗം യുഎസിൽ നടക്കും. വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദർപ്പൺ ജെയിൻ ആണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന 25 ശതമാനം തീരുവ 18 ശതമാനമായി കുറയും. ടെക്സ്റ്റൈൽസ്, തുകൽ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്ക് ഇത് ഗുണകരമാകും.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനെത്തുടർന്ന് ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക ‘പെനൽ താരിഫ്’ യുഎസ് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുഎസിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ ഊർജ്ജ-സാങ്കേതിക ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

