ലണ്ടൻ: ജെഫ്രി എപ്സ്റ്റീൻ കേസിലെ പുതിയ വെളിപ്പെടുത്തലുകളെത്തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രു മൗണ്ട്ബാറ്റൺ അറസ്റ്റിലായി. ഇന്ന് പുലർച്ചെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ നിന്നാണ് തേംസ് വാലി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ആൻഡ്രുവിന്റെ 66-ാം ജന്മദിനത്തിലാണ് ആറ് പോലീസ് വാഹനങ്ങളിലെത്തിയ സംഘം രാജകുടുംബാംഗത്തെ അറസ്റ്റ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്.(Epstein Files Controversy, Andrew Mountbatten arrested)
ബ്രിട്ടന്റെ പ്രത്യേക വ്യാപാര പ്രതിനിധിയായിരിക്കെ തന്റെ ഔദ്യോഗിക പദവി ആൻഡ്രു ദുരുപയോഗം ചെയ്തു എന്നതാണ് പോലീസ് ചുമത്തിയിരിക്കുന്ന പ്രാഥമിക കുറ്റം. 2010-ൽ ജെഫ്രി എപ്‌സ്റ്റീന് അതീവ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക വ്യാപാര റിപ്പോർട്ടുകൾ ആൻഡ്രു അയച്ചുകൊടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ലൈംഗിക കുറ്റവാളിയായ എപ്‌സ്റ്റീനുമായി ആൻഡ്രു പുലർത്തിയിരുന്ന സാമ്പത്തിക-നയതന്ത്ര ബന്ധങ്ങളെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്തിയ ശേഷമാണ് അറസ്റ്റ് എന്ന് പോലീസ് വ്യക്തമാക്കി. പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ ഇപ്പോൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ നിഷ്പക്ഷതയും വസ്തുനിഷ്ഠതയും ഉറപ്പാക്കുമെന്നും തേംസ് വാലി പോലീസ് പ്രസ്താവനയിൽ അറിയിച്ചു.



