കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ദേവസ്വം ബോർഡിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഹൈക്കോടതി. പെട്ടിക്കട നടത്തുന്നവർ പോലും ഇതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ കണക്കുകൾ സൂക്ഷിക്കുമെന്ന് കോടതി പരിഹസിച്ചു. അക്കൗണ്ടിംഗിൽ സുതാര്യത ഉറപ്പാക്കാൻ സമയബന്ധിതമായ പദ്ധതി സമർപ്പിക്കാനും ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.(High Court against Devaswom Board over Sabarimala ghee scam)
ഭക്തർ നൽകുന്ന വഴിപാട് പണം കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥയിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. പവിത്രമായ പ്രസാദങ്ങളുടെ വിൽപനയിൽ നിന്നുള്ള വരുമാനം ഇത്ര അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് ഞെട്ടിക്കുന്നതാണ്. ഇത് വെറുമൊരു ക്രമക്കേടല്ല, മറിച്ച് മേൽനോട്ടത്തിലും സാമ്പത്തിക നിയന്ത്രണത്തിലും ഉണ്ടായ വലിയ വീഴ്ചയാണ്.
ഭക്തരുടെ പണം കൈകാര്യം ചെയ്യുന്ന രീതി കണ്ട് വെറും കാഴ്ചക്കാരായി നിൽക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കൃത്യമായ അക്കൗണ്ടിംഗ് സംവിധാനം ഉടൻ നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. നെയ്യ് വിൽപനയുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആണുള്ളത്. കഴിഞ്ഞ വർഷം നവംബർ 16 മുതൽ ഡിസംബർ 31 വരെയുള്ള ചുരുങ്ങിയ കാലയളവിൽ 21,39,190 രൂപയുടെ ക്രമക്കേടാണ് പ്രാഥമികമായി കണ്ടെത്തിയത്.



