കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. സമർപ്പിച്ച ജാമ്യാപേക്ഷകളിലാണ് കോടതിയുടെ അനുകൂല വിധി. തെളിവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. രണ്ടു കേസുകളിലും ജാമ്യം ലഭിച്ചു.(Sabarimala gold theft case, Thantri gets bail)
തന്ത്രിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ഉന്നയിച്ചത്. തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയുടെയും ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയുടെയും നിക്ഷേപം ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും എസ്ഐടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് താൻ ഇടപെട്ടിട്ടുള്ളതെന്നും തന്ത്രി കോടതിയിൽ ബോധിപ്പിച്ചു. ക്ഷേത്രത്തിലെ ഭരണപരമോ സാമ്പത്തികമോ ആയ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം തനിക്കില്ലെന്നും തന്ത്രി വാദിച്ചു.



