കൊച്ചി: നികുതി രേഖകൾ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസിനെതിരെ നടി ഹണി റോസ് നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ അനുകൂല വിധി (Honey Rose GST Notice). വിവിധ സാമ്പത്തിക വർഷങ്ങളിലെ നികുതി വിവരങ്ങൾ ഒന്നിച്ച് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് റദ്ദാക്കിയത്.
ഓരോ വർഷത്തെയും നികുതി രേഖകൾ പ്രത്യേകമായി തന്നെ ആവശ്യപ്പെടണം. ഒന്നിലധികം വർഷങ്ങളിലെ വിവരങ്ങൾ ഒരൊറ്റ നോട്ടീസിലൂടെ ആവശ്യപ്പെടുന്നത് ചട്ടവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. അഭിനയത്തിലൂടെയും ഉദ്ഘാടനങ്ങളിലൂടെയും ലഭിച്ച വരുമാനം കൃത്യമായി വെളിപ്പെടുത്തിയില്ലെന്നും ഇതിന് നികുതി ഒടുക്കിയില്ലെന്നുമായിരുന്നു ജിഎസ്ടി വകുപ്പിന്റെ ആരോപണം.
ജിഎസ്ടി വകുപ്പിന് വേണമെങ്കിൽ നിയമപരമായ ചട്ടങ്ങൾ പാലിച്ച് ഓരോ വർഷത്തേക്കും പ്രത്യേകം നോട്ടീസ് അയക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.



