കോട്ടയം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും അപ്രതീക്ഷിതമായി നീക്കപ്പെട്ടതിന് പിന്നാലെ ഇടതുപക്ഷവുമായി അകന്ന നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് അടുക്കുന്നു (Premkumar Actor Congress News). നാളെ വൈകിട്ട് കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കെപിസിസി സാംസ്‌കാരിക സമിതിയുടെ പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി എത്തും.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. പ്രേംകുമാറിന്റെ ചിത്രം ഉൾപ്പെടുത്തിയ ഔദ്യോഗിക പോസ്റ്റർ സംഘാടകർ പുറത്തുവിട്ടു കഴിഞ്ഞു. കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി ഫോണിൽ സംസാരിച്ചതായും കോൺഗ്രസിലെത്തിയാൽ അർഹമായ പരിഗണന നൽകുമെന്ന് ഉറപ്പുനൽകിയതായും സൂചനയുണ്ട്. കോട്ടയത്തെ പ്രാദേശിക കോൺഗ്രസ് നേതാക്കളും അദ്ദേഹവുമായി ചർച്ച നടത്തി.
“നാളെ എന്ത് സംഭവിക്കുമെന്ന് ഇന്ന് പറയാനാകില്ല” എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ കുടുംബം പാരമ്പര്യമായി കോൺഗ്രസുകാരാണെന്നും താൻ ഒരിക്കലും സിപിഎം അംഗത്വമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പാർട്ടിയുടെയും ചട്ടക്കൂടിൽ നിൽക്കാൻ താല്പര്യമില്ലെന്നും സ്വതന്ത്രമായി പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ്‌കാരിക ലോകത്തെ പ്രമുഖരെ പാർട്ടിയിലേക്ക് എത്തിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിച്ഛായ വർദ്ധിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. പ്രേംകുമാറിന്റെ കോൺഗ്രസ് പ്രവേശനം ഇടതുപക്ഷത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.



