കൊല്ലം: വിവാഹ ചടങ്ങിലെ നിയമവിരുദ്ധ വാഹന പ്രദർശനം വിവാദമായതിന് പിന്നാലെ, ചവറയിലെ എൻജിനീയറിങ് കോളേജിലും തീ തുപ്പുന്ന കാറുകൾ ഉപയോഗിച്ച് അഭ്യാസപ്രകടനം. ചവറയിലെ കോളേജിൽ ശനിയാഴ്ച നടന്ന ഓട്ടോ ഷോയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള പ്രകടനം നടന്നത്.(Fire coming out of cars in demonstration in Kollam)
വിവിധ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ഓട്ടോ ഷോ നടത്തുന്ന വിദ്യാർത്ഥി സംഘമാണ് ചവറയിലും എത്തിയത്. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങൾ ഷോയിൽ പങ്കെടുപ്പിച്ചു. സൈലൻസറിലൂടെ തീ തുപ്പുന്ന തരത്തിൽ മാറ്റം വരുത്തിയ കാറുകൾ അഭ്യാസപ്രകടനം നടത്തി.
വിദ്യാർത്ഥികൾ തന്നെ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽ ഈ നിയമലംഘനം പെടുന്നത്. ചവറയിലെ ഓട്ടോ ഷോയിൽ പങ്കെടുത്ത വാഹനങ്ങളെക്കുറിച്ചും അവയുടെ ഉടമകളെക്കുറിച്ചും മോട്ടോർ വാഹന വകുപ്പ് വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.



