കൊളംബോ: ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്താനെ നിഷ്പ്രഭരാക്കി ഇന്ത്യ. ഇന്ത്യ മുന്നോട്ടുവെച്ച 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 18 ഓവറിൽ 114 റൺസിന് എല്ലാവരും പുറത്തായി (India vs Pakistan T20 World Cup 2026). ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ഇന്ത്യ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കി.
ആദ്യ ഓവറിൽ തന്നെ ഷാഹിദ്സാദാ ഫർഹാനെ (0) പുറത്താക്കി ഹാർദിക് പാണ്ഡ്യ വേട്ടയ്ക്ക് തുടക്കമിട്ടു. രണ്ടാം ഓവറിൽ സയിം അയൂബ് (6), സൽമാൻ ആഘ (4) എന്നിവരെ പുറത്താക്കി ബുംറ പാകിസ്താനെ തളച്ചു. അഞ്ചാം ഓവറിൽ അക്സർ പട്ടേൽ പാക് സൂപ്പർ താരം ബാബർ അസമിനെ (5) മടക്കിയതോടെ പാകിസ്താൻ 34-4 എന്ന നിലയിൽ തകർന്നു.
34 പന്തിൽ 44 റൺസെടുത്ത ഉസ്മാൻ ഖാൻ മാത്രമാണ് പാക് നിരയിൽ അൽപ്പമെങ്കിലും ചെറുത്തുനിന്നത്. പാക് നിരയിൽ നാല് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.
:
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസെടുത്തത്. 40 പന്തിൽ 77 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷനാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇന്നിംഗ്‌സിൽ 10 ഫോറും 3 സിക്സും ഉൾപ്പെടും. നായകൻ സൂര്യകുമാർ യാദവ് (32), ശിവം ദുബെ (27), തിലക് വർമ (25) എന്നിവരും ബാറ്റിംഗിൽ തിളങ്ങി.
നയതന്ത്ര സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നടന്ന ഈ മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനവിജയമായി മാറി.



