വാഷിംഗ്ടൺ: വിവാദ അമേരിക്കൻ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ മരണം തൂങ്ങിമരണമല്ലെന്നും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും വെളിപ്പെടുത്തൽ (Jeffrey Epstein Death Controversy). എപ്സ്റ്റീന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ നിരീക്ഷിച്ച പ്രമുഖ ഫോറൻസിക് പതോളജിസ്റ്റ് ഡോ. മൈക്കൽ ബേഡനാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. 2019-ൽ ന്യൂയോർക്കിലെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ എപ്സ്റ്റീന്റേത് ആത്മഹത്യയാണെന്ന ഔദ്യോഗിക റിപ്പോർട്ടുകൾ ഇതോടെ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.
എപ്സ്റ്റീന്റെ കഴുത്തിലുണ്ടായ മൂന്ന് അസ്ഥിഭംഗങ്ങൾ തൂങ്ങിമരണത്തിൽ സംഭവിക്കാൻ സാധ്യതയില്ലാത്തതാണെന്ന് ഡോ. ബേഡൻ പറയുന്നു. തന്റെ 50 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ തൂങ്ങിമരിച്ച ഒരാളുടെ കഴുത്തിൽ പോലും ഇത്തരത്തിൽ മൂന്ന് ഒടിവുകൾ കണ്ടിട്ടില്ലെന്നും ഇത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പുതിയ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ മരണത്തെക്കുറിച്ച് പുനരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എപ്സ്റ്റീൻ മരിച്ച ദിവസം ജയിലിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ഉണ്ടായതായി യുഎസ് നീതിന്യായ വകുപ്പിന്റെ റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ഇടവേളകളിൽ നടത്തേണ്ട പരിശോധനകൾ അന്ന് നടന്നിരുന്നില്ലെന്നും ഉദ്യോഗസ്ഥർ രേഖകളിൽ തിരിമറി നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. എപ്സ്റ്റീനെ പാർപ്പിച്ചിരുന്ന സെല്ലിലേക്ക് അന്ന് രാത്രി അപരിചിതമായ ഒരാൾ നീങ്ങുന്ന ദൃശ്യങ്ങൾ വീഡിയോ ലോഗുകളിൽ പതിഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും പ്രശസ്തരുമായും അടുത്ത ബന്ധമുണ്ടായിരുന്ന എപ്സ്റ്റീന്റെ മരണം അന്ന് വലിയ രാജ്യാന്തര വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു
Summary: Dr. Michael Baden, the forensic pathologist who observed Jeffrey Epstein’s autopsy, has claimed that the evidence points to strangulation rather than suicide by hanging. This renewed claim, along with reports of security lapses in the jail, has sparked fresh questions about foul play in the 2019 death of the high-profile financier.



