ബെംഗളൂരു: ഹൊസ്‌കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ ഉണ്ടായ വൻ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. പുലർച്ചെ 4.50-ഓടെ സത്യവാര ഗ്രാമത്തിന് സമീപമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.(Hoskote road accident, 2 Malayali students among the dead)
കാറിലുണ്ടായിരുന്ന ആറ് വിദ്യാർത്ഥികളും കാറിടിച്ച ബൈക്ക് യാത്രക്കാരനുമാണ് അപകടത്തിൽ മരിച്ചത്. അശ്വിൻ നായർ (17), ഏഥൻ ജോർജ് (17), അർഹാൻ ഷെരീഫ്, അയാൻ അലി (17), ഭരത് (18), ഫർഹാൻ (17), ഗഗൻ (26) എന്നിവരാണ് മരിച്ചത്.
വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ അമിതവേഗതയിൽ മുന്നിൽ പോയിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ തുടർന്ന് ഡിവൈഡറിൽ ഇടിക്കുകയും ഒരു ചരക്ക് ലോറിയുടെ പിന്നിലേക്ക് പാഞ്ഞുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ പിൻഭാഗത്തെ ആക്സിൽ ഒടിയുകയും ലോറി സർവീസ് റോഡിലേക്ക് തലകീഴായി മറിയുകയും ചെയ്തു. ഈ സമയം പിന്നാലെ വന്ന മറ്റൊരു കാറും അപകടത്തിൽപ്പെട്ട വാഹനങ്ങളിൽ തട്ടി.



