തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് വൻ അഴിമതിയാണെന്നും സംഭവത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പരിപാടിയിൽ പങ്കെടുക്കാത്തവരുടെ പേരിൽ പോലും പണം എഴുതിയെടുത്തത് ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു.(Another scam, VD Satheesan on the Global Ayyappa Sangamam)
പരിപാടിയിൽ പങ്കെടുക്കാത്ത ‘നന്ദഗോവിന്ദം ഭജൻസിന്റെ’ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തു. 4,000 പേർക്ക് ഭക്ഷണം നൽകിയെന്നാണ് രേഖകളിലുള്ളത്, എന്നാൽ ആകെ 600 പേർ മാത്രമാണ് പങ്കെടുത്തതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. പരിപാടിയുടെ പന്തൽ നിർമ്മാണം മുതൽ അഴിമതി നടന്നു.
കോടതി നിരീക്ഷണത്തിലുള്ള ഒരു പരിപാടിയിൽ ഇത്രയും കൊള്ള നടക്കാമെങ്കിൽ, ശബരിമലയിൽ നിന്ന് എന്തെല്ലാം അടിച്ചുമാറ്റിക്കാണും എന്ന് അദ്ദേഹം പറഞ്ഞു. പോകുന്ന പോക്കിൽ കിട്ടാവുന്നതെല്ലാം അടിച്ചുമാറ്റുക എന്ന നയമാണ് ഇതെന്ന് സതീശൻ പരിഹസിച്ചു.



