ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് (Imran Khan vision Loss Report). റാവൽപിണ്ടിയിലെ അദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സൽമാൻ സഫ്ദർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ജയിലിൽ നേരിടേണ്ടി വന്ന ക്രൂരമായ പെരുമാറ്റവും ചികിത്സാ നിഷേധവുമാണ് ഇതിന് കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ വരെ കൃത്യമായ കാഴ്ചശക്തി ഉണ്ടായിരുന്ന ഇമ്രാന്, പിന്നീട് കാഴ്ച മങ്ങുന്നതായി പരാതിപ്പെട്ടിട്ടും ജയിൽ അധികൃതർ അവഗണിക്കുകയായിരുന്നു. ഒടുവിൽ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് കണ്ണിനുള്ളിലെ രക്തം കട്ടപിടിച്ചതായും അത് കാഴ്ചയെ ഗുരുതരമായി ബാധിച്ചതായും കണ്ടെത്തിയത്. നിലവിൽ 15 ശതമാനം കാഴ്ച മാത്രമാണ് അദ്ദേഹത്തിന്റെ വലതുകണ്ണിനുള്ളത്. 73 വയസ്സുകാരനായ ഇമ്രാൻ ഖാന് ആവശ്യമായ മറ്റ് വൈദ്യസഹായങ്ങളോ ദന്തപരിശോധനയോ പോലും ജയിൽ അധികൃതർ നൽകിയിട്ടില്ല.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇമ്രാൻ ഖാൻ ഏകാന്ത തടവിലാണെന്നും റിപ്പോർട്ടിലുണ്ട്. കുടുംബാംഗങ്ങളെ കാണാനോ അഭിഭാഷകരുമായി സംസാരിക്കാനോ അനുവദിക്കുന്നില്ല. 2025-ൽ കേവലം രണ്ട് തവണ മാത്രമാണ് തന്റെ മക്കളുമായി ഫോണിൽ സംസാരിക്കാൻ അദ്ദേഹത്തിന് അനുവാദം ലഭിച്ചത്. പാക് സൈന്യത്തിന്റെ ഇടപെടലിലൂടെ ഇമ്രാൻ ഖാനെ ശാരീരികമായും മാനസികമായും തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ പിടിഐ ആരോപിച്ചു.
Summary: Former Pakistan PM Imran Khan has lost 85% of his vision in the right eye due to medical neglect and “inhuman” treatment in Adiala Jail, according to a court-appointed report.



