പാലക്കാട്: അഗളി പഞ്ചായത്തിലെ തുമ്പപ്പാറ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയിൽ വൻതോതിൽ മീനുകൾ ചത്തുപൊങ്ങി. കുടിവെള്ളത്തിന് അസാധാരണമായ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തിയത്. നാല് വാർഡുകളിലായി രണ്ടായിരത്തിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സിലാണിത്.(Fishes die in drinking water reservoir in Attappadi, Families concerned)
നെല്ലിപ്പതി, അഗളി ഭൂതിവഴി, ഗൂളിക്കടവ് എന്നീ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ വീടുകൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്കാണ് ഈ ടാങ്കിൽ നിന്ന് വെള്ളം എത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളത്തിന് രുചി വ്യത്യാസം അനുഭവപ്പെട്ടതോടെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തി. തുടർന്ന് ടാങ്ക് പരിശോധിച്ചപ്പോഴാണ് മീനുകൾ ചത്തുപൊങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
സംഭരണിയുടെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാൻ ഒമ്പതോളം ജീവനക്കാരെ പഞ്ചായത്ത് ചുമതലപ്പെടുത്തിയിരുന്നു. ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ടാങ്കിൽ മീനുകൾ ചത്തതായി കണ്ട ഉടൻ തന്നെ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം നിർത്തിവെച്ചു. സംഭരണിയിലെ വെള്ളം പൂർണ്ണമായും വറ്റിച്ച ശേഷം ടാങ്ക് ശുചീകരിച്ചു.



