തിരുവനന്തപുരം: കോഴിക്കോടിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ബേപ്പൂർ തുറമുഖം പി.പി.പി മാതൃകയിൽ വികസിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബേപ്പൂർ ഒരു പ്രധാന പോർട്ട് സിറ്റിയായി മാറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.(Cabinet decides to develop Beypore Port under PPP model)
തുറമുഖ വികസനത്തിലൂടെ നാടിനാകെ സാമൂഹികവും സാമ്പത്തികവുമായ ഉണർവ് കൈവരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പുതിയ വികസന പദ്ധതികൾ വരുന്നതോടെ നിരവധി പേർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. നിലവിൽ തുറമുഖത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കാനും ഈ തീരുമാനം സഹായിക്കും.
തുറമുഖ വികസനവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ആളുകളുമായും ചർച്ചകൾ നടത്തുമെന്നും അവരുടെ നിർദ്ദേശങ്ങൾ പരിഗണിച്ചായിരിക്കും മറ്റ് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയെന്നും തുറമുഖ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ട്. ബേപ്പൂരിന്റെ ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവനും മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചു.



