മലപ്പുറം: തിരൂർ പറവണ്ണ പുത്തങ്ങാടിയിൽ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തത്തിൽ വീടും മദ്‌റസയും പൂർണ്ണമായും ചാരമായി. കളരിക്കൽ പാത്തുമോളുടെ ഓലമേഞ്ഞ വീടും സമീപത്തുള്ള സിറാജുൽ ഉലൂം സുന്നി വിദ്യാഭ്യാസ ബോർഡിന്റെ താൽക്കാലിക മദ്‌റസയുമാണ് നശിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.(House and madrasa gutted in Fire in Tirur)
സമീപത്തെ പറമ്പിൽ നിന്ന് പടർന്ന് തീ പാത്തുമോളുടെ വീടിന് പിടിക്കുകയായിരുന്നു. ഓലമേഞ്ഞ വീടായതിനാൽ തീ അതിവേഗം ആളിപ്പടർന്നു. തൊട്ടടുത്തുള്ള മദ്‌റസ കെട്ടിടത്തിലേക്കും തീ പടർന്നു. പുനർനിർമ്മാണത്തിന്റെ ഭാഗമായി ഓല ഉപയോഗിച്ച് താൽക്കാലികമായി നിർമ്മിച്ച കെട്ടിടത്തിലായിരുന്നു മദ്‌റസ പ്രവർത്തിച്ചിരുന്നത്.
മദ്‌റസയിലെ ഫർണിച്ചറുകളും പാത്തുമോളുടെ വീട്ടിലെ അവശ്യസാധനങ്ങളും പൂർണ്ണമായും നശിച്ചു. തീപിടിക്കുന്ന സമയത്ത് പാത്തുമോൾ ബന്ധുവീട്ടിലായിരുന്നു. പറവണ്ണ തെക്കേപള്ളി ഖബർസ്ഥാനിലുണ്ടായ തീ അണച്ചുകൊണ്ടിരുന്ന അഗ്നിരക്ഷാസേന ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. തിരൂർ ഫയർ സ്റ്റേഷനിലെ രണ്ട് യൂണിറ്റും താനൂരിലെ ഒരു യൂണിറ്റും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.



