കൊച്ചി: സിനിമകളുടെ പ്രൊമോഷനുമായി സഹകരിക്കുന്നില്ലെന്ന ആരോപണത്തിൽ നടൻ ബിജു മേനോനും (Biju Menon) നിർമ്മാതാക്കളും തമ്മിലുള്ള പോര് മുറുകുന്നു. ‘നടന്ന സംഭവം’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെ തുടർന്ന് നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. ഇതിന് പരിഹാരമായി ബിജു മേനോൻ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു. എന്നാൽ കരാറിൽ പ്രൊമോഷൻ കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്ന നിലപാടിലാണ് താരം.
വിഷയം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ബിജു മേനോന്റെ അടുത്ത ചിത്രത്തിലെ പ്രതിഫലത്തിൽ നിന്ന് ഈ 15 ലക്ഷം രൂപ ഈടാക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു. എന്നാൽ ഈ നീക്കത്തോടും ബിജു മേനോൻ അനുകൂലമായല്ല പ്രതികരിക്കുന്നത്. ഇതോടെ താരങ്ങളുമായി നിസ്സഹകരിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് നിർമ്മാതാക്കളുടെ സംഘടനയുടെ നീക്കം. പ്രശ്നത്തിൽ പരിഹാരം തേടി നിർമ്മാതാക്കൾ താരസംഘടനയായ ‘അമ്മ’യുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിനയിക്കുന്ന സിനിമകൾ പ്രചരിപ്പിക്കാൻ താരങ്ങൾക്ക് ബാധ്യതയുണ്ടെന്നും അതിനുള്ള വേതനം കൂടി ഉൾപ്പെടുത്തിയാണ് പ്രതിഫലം നൽകുന്നതെന്നുമാണ് നിർമ്മാതാക്കളുടെ വാദം. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലും മറ്റും പല താരങ്ങളും ചാനൽ പ്രൊമോഷനുകളിൽ നിന്ന് വിട്ടുനിൽക്കുന്നത് പതിവാകുകയാണ്. ബിജു മേനോൻ വിഷയത്തിൽ നിർമ്മാതാക്കൾ ഉറച്ചുനിൽക്കുന്നതോടെ ‘അമ്മ’ സംഘടനയ്ക്കും ഈ വിഷയത്തിൽ ഉടൻ നിലപാട് വ്യക്തമാക്കേണ്ടി വരും.
Summary: Malayalam actor Biju Menon is facing strict action from producers who plan to deduct 15 lakhs from his salary due to alleged non-cooperation in film promotions.



