ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എസ്. ജയശ്രീക്ക് മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നതിനിടെ “ശബരിമലയിലെ മൊത്തം സ്വർണ്ണവും കൊള്ളയടിച്ചല്ലോ” എന്ന് കോടതി വാക്കാൽ പരാമർശിച്ചു. കേസിൽ അന്വേഷണ സംഘം നൽകിയ സത്യവാങ്മൂലം പരിഗണിച്ചാണ് കോടതിയുടെ നീക്കം.(Supreme Court denies anticipatory bail to S Jayashree on Sabarimala gold theft case)
ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയെങ്കിലും, അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ കോടതി നീട്ടിനൽകി. ഈ മാസം 18-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീണ്ടും ഹാജരാകാൻ കോടതി ജയശ്രീയോട് ആവശ്യപ്പെട്ടു.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, ആവശ്യമെങ്കിൽ ജയിലിൽ ചികിത്സ ഉറപ്പാക്കാമെന്നും എയിംസിലോ കേരളത്തിലെ മറ്റ് മികച്ച ആശുപത്രികളിലോ സൗകര്യം നൽകാമെന്നും കോടതി വ്യക്തമാക്കി. കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എസ്. ജയശ്രീക്കും ഇടനിലക്കാരൻ കൽപേഷിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് അയച്ചു. ബോർഡ് തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്ന ജയശ്രീയുടെ വാദം ഇ.ഡി വിശദമായി പരിശോധിക്കും.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കേസിലെ മൂന്നാം പ്രതിയുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കെ.എസ്. ബൈജുവിൻ്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.



