ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ നീക്കാനായി പ്രതിപക്ഷം നൽകിയ അവിശ്വാസ നോട്ടീസിനെത്തുടർന്ന് അദ്ദേഹം ഇന്ന് സഭയിൽ നിന്ന് വിട്ടുനിൽക്കും. പ്രമേയത്തിന്മേൽ ഒരു അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ സഭാ നടപടികളിൽ നിന്ന് വിട്ടുനിൽക്കാനാണ് സ്പീക്കറുടെ തീരുമാനം.(No-confidence motion, Lok Sabha Speaker Om Birla to abstain from the House today)
സ്പീക്കറെ നീക്കാനുള്ള നോട്ടീസ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കാൻ സെക്രട്ടറി ജനറൽ നിയമോപദേശം തേടും. സ്പീക്കർ തന്നെ ഇതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. അവിശ്വാസ പ്രമേയം മാർച്ച് 9-ന് സഭയിൽ ചർച്ചയ്ക്ക് എടുത്തേക്കുമെന്നാണ് സൂചന.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, ചർച്ചകൾ ഇന്നും തുടരും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സഭയിൽ സംസാരിക്കും. ധനമന്ത്രി ഇന്ന് ചർച്ചകൾക്ക് മറുപടി നൽകും. മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ വിവരങ്ങൾ പുറത്തായ സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ശക്തമാക്കി. സംഭവത്തിൽ പുസ്തക പ്രസാധകരുടെ മൊഴി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ രേഖപ്പെടുത്തും.



