തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെതിരെ സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ വൻ സംഘർഷം. സർവകലാശാല കലോത്സവം നടത്തുന്നതിലെ തടസ്സങ്ങൾ നീക്കുക, കായിക താരങ്ങൾക്ക് ടിഎ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.(SFI protest at Kerala University: Barricades demolished)
രാവിലെ സർവകലാശാല ആസ്ഥാനത്തിന്റെ കവാടത്തിൽ പോലീസ് ബാരിക്കേഡുകൾ ഉയർത്തി പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചു. എന്നാൽ, ബാരിക്കേഡുകൾ മറികടന്ന പ്രവർത്തകർ സർവകലാശാലയുടെ ഉള്ളിലേക്ക് തള്ളിക്കയറി.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടയിലും പ്രവർത്തകർ പിരിഞ്ഞുപോകാതെ രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ തടിച്ചുകൂടി. വൈസ് ചാൻസലറുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർ വിസിക്കെതിരെ മുദ്രാവാക്യം വിളിച്ചു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ വിസി തയ്യാറാകുന്നില്ലെന്ന് സംഘടന കുറ്റപ്പെടുത്തി.



