Tuesday, February 10, 2026
HomeNationalസ്വന്തം പാർട്ടിക്കാരനായ ആരോഗ്യമന്ത്രിയെ വിറപ്പിച്ച് മൈഥിലി താക്കൂർ: ബിഹാറിലെ ആശുപത്രികളുടെ ശോച്യാവസ്ഥ...

സ്വന്തം പാർട്ടിക്കാരനായ ആരോഗ്യമന്ത്രിയെ വിറപ്പിച്ച് മൈഥിലി താക്കൂർ: ബിഹാറിലെ ആശുപത്രികളുടെ ശോച്യാവസ്ഥ സഭയിൽ വിചാരണ ചെയ്ത് യുവ MLA | Maithili Thakur

പട്ന: ബിഹാർ ബജറ്റ് സമ്മേളനത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ മൈഥിലി താക്കൂർ. തന്റെ മണ്ഡലമായ അലിനഗറിലെ സർക്കാർ ആശുപത്രിയുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് മൈഥിലി ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെയെ പ്രതിക്കൂട്ടിലാക്കിയത്. സ്വന്തം പാർട്ടിയിലെ മന്ത്രിയുടെ മറുപടിയിൽ തൃപ്തയാകാതെ സഭയിൽ അവർ നടത്തിയ ഇടപെടലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.(Maithili Thakur takes up the deplorable condition of hospitals in Bihar)

ആശുപത്രി കെട്ടിടം ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. മേൽക്കൂരയിൽ നിന്ന് സിമന്റ് പാളികൾ അടർന്നുവീഴുന്നു. മഴക്കാലത്ത് വാർഡുകൾക്കുള്ളിൽ വെള്ളം ഒലിച്ചിറങ്ങുന്ന അവസ്ഥയിൽ ഗർഭിണികളെയും കുട്ടികളെയും ചികിത്സിക്കുന്നത് മരണക്കെണിയാണെന്ന് അവർ ചൂണ്ടിക്കാട്ടി. മുമ്പ് രണ്ട് എംബിബിഎസ് ഡോക്ടർമാരുണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ ഒരാൾ പോലും ഇല്ലാത്ത അവസ്ഥയാണ്. ആരോഗ്യ ബജറ്റ് ഓരോ വർഷവും വർദ്ധിപ്പിക്കുമ്പോഴും ഈ പണം എങ്ങോട്ടാണ് പോകുന്നതെന്ന് മൈഥിലി ചോദിച്ചു.

കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാൽ മതിയെന്ന മന്ത്രിയുടെ മറുപടിയെ മൈഥിലി തള്ളിക്കളഞ്ഞു. “ഞാൻ മന്ത്രിയെ ചോദ്യം ചെയ്യുകയല്ല, അഭ്യർത്ഥിക്കുകയാണ്. ഞാൻ കൊച്ചുകുട്ടിയായിരുന്ന കാലം മുതൽക്കേ അദ്ദേഹത്തെ ആരോഗ്യ മന്ത്രിയായി കാണുന്നുണ്ട്. ജനതാൽപ്പര്യം മുൻനിർത്തി ഈ പ്രശ്നത്തിന് പരിഹാരം കാണണം” – മൈഥിലി പറഞ്ഞു.

മന്ത്രിയുടെ പതിവ് പല്ലവികളായ ‘പരിശോധിക്കാം’, ‘ഘട്ടം ഘട്ടമായി നടപ്പിലാക്കാം’ എന്ന മറുപടികളെ മൈഥിലി ഉടൻ തന്നെ ഖണ്ഡിച്ചു. വർഷങ്ങളായി ഇത്തരം വാഗ്ദാനങ്ങൾ കേൾക്കുന്നുണ്ടെന്നും എന്നാൽ താഴെത്തട്ടിൽ യാതൊരു മാറ്റവുമില്ലെന്നും അവർ കുറ്റപ്പെടുത്തി. മൈഥിലിയുടെ ചോദ്യങ്ങളെ പ്രതിപക്ഷം മേശപ്പുറത്ത് തട്ടി പിന്തുണച്ചപ്പോൾ ഭരണപക്ഷത്തെ ചിലർ അസ്വസ്ഥരായി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.