ഹൈദരാബാദ്: സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘സ്പിരിറ്റിൽ’ നിന്ന് മുതിർന്ന താരം പ്രകാശ് രാജിനെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ (Prakash Raj exits Spirit movie). ചിത്രത്തിന്റെ തിരക്കഥയെയും ഒരു പ്രത്യേക രംഗത്തിന്റെ ചിത്രീകരണത്തെയും ചൊല്ലി സംവിധായകനും നടനും തമ്മിലുണ്ടായ കടുത്ത തർക്കമാണ് ഈ നീക്കത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. ഹൈദരാബാദിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ഈ അപ്രതീക്ഷിത മാറ്റം. ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോയിൽ പ്രകാശ് രാജിന്റെ ശബ്ദം ഉൾപ്പെടുത്തിയത് വലിയ ആവേശം സൃഷ്ടിച്ചിരുന്നു. എന്നാൽ നിലവിൽ അദ്ദേഹത്തിന്റെ ഭാഗങ്ങൾ ഒഴിവാക്കി മറ്റൊരു താരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ.
നേരത്തെ ചിത്രത്തിലെ നായികയായി നിശ്ചയിച്ചിരുന്ന ദീപിക പദുകോണും സിനിമയിൽ നിന്ന് പിന്മാറിയിരുന്നു. ജോലി സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു ദീപികയുടെ പിന്മാറ്റം. ദീപികയ്ക്ക് പകരം തൃപ്തി ദിമ്രിയാണ് ഇപ്പോൾ ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രകാശ് രാജിന്റെ പെരുമാറ്റത്തിൽ നിർമ്മാതാക്കൾക്കും അതൃപ്തിയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രഭാസ് പോലീസ് ഓഫീസറായി വേഷമിടുന്ന ഈ ചിത്രം 2027 മാർച്ച് 5-നാണ് തിയേറ്ററുകളിൽ എത്തുക.



