വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ താൻ പാടിയ പാട്ടിന് ലഭിച്ച ട്രോളുകളോട് സ്പോർട്സ്മാൻ സ്പിരിറ്റിൽ പ്രതികരിച്ച് നടി മമിത ബൈജു (Mamitha Baiju response to trolls). മലേഷ്യയിൽ നടന്ന ചടങ്ങിൽ വിജയ് ചിത്രമായ ‘അഴകിയ തമിഴ് മകനി’ലെ “എല്ലാ പുകഴും ഇരവനുക്കേ” എന്ന ഗാനം മമിത പാടിയിരുന്നു. എന്നാൽ ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസങ്ങളും ട്രോളുകളും ഉയർന്നു. മമിത പാടുമ്പോഴുള്ള വിജയുടെ പ്രത്യേക മുഖഭാവവും നടിയുടെ നൃത്തവുമാണ് പ്രധാനമായും ട്രോളന്മാർ ഏറ്റെടുത്തത്.
ട്രോളുകളെല്ലാം താൻ വളരെ പോസിറ്റീവായും ഫണ്ണായും മാത്രമാണ് കാണുന്നതെന്ന് മമിത പ്രതികരിച്ചു. ആളുകൾ ഇതിനെ ഒരു എന്റർടൈൻമെന്റായി കണ്ടു, താനും അങ്ങനെ തന്നെയാണ് ഇതിനെ കാണുന്നതെന്നും തനിക്ക് ഇതിൽ യാതൊരു പ്രശ്നവുമില്ലെന്നും താരം വ്യക്തമാക്കി. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ വിജയ്‍യുടെ അവസാന സിനിമയായാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തിന്റെ റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്.



