തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. എന്നാൽ ശിവകുമാറിന്റെ ഡ്രൈവറും സുഹൃത്തുക്കളും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി. ഡ്രൈവറെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയ വിജിലൻസ്, മറ്റുള്ളവർക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് സർക്കാരിനോട് ശുപാർശ ചെയ്തു.(Illegal wealth acquisition case, Vigilance gives clean chit to former minister VS Sivakumar)
2011 മുതൽ 2016 വരെയുള്ള കാലയളവിൽ വി.എസ്. ശിവകുമാർ ബിനാമി പേരുകളിൽ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി. എന്നാൽ ഒന്നാം പ്രതിയായ ശിവകുമാറിന്റെ സ്വത്തുക്കൾ മന്ത്രിയായിരുന്നപ്പോഴുള്ള വരുമാനത്തിന് ആനുപാതികമാണെന്ന് വിജിലൻസ് തിരുവനന്തപുരം റെയ്ഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ഡ്രൈവറിന് ആറു ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന കാലയളവിൽ 26.82 ലക്ഷം രൂപയുടെ ആസ്തി വർദ്ധനവുണ്ടായതായി വിജിലൻസ് കണ്ടെത്തി. സർക്കാർ ശമ്പളം പറ്റിയിരുന്ന ജീവനക്കാരനായതിനാൽ ഇയാളെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് അനുമതി തേടിയിട്ടുണ്ട്.



