ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ പീരാഗഡി ഫ്ലൈഓവറിൽ ദുരൂഹ സാഹചര്യത്തിൽ മൂന്ന് പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Delhi Crime News). ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. ഫ്ലൈഓവറിൽ ദീർഘനേരമായി നിർത്തിയിട്ടിരുന്ന കാർ ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത്.
മൂവരും വിഷം ഉള്ളിൽ ചെന്നാണോ മരിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കാറിനുള്ളിൽ ബലപ്രയോഗം നടന്നതായോ കവർച്ച ശ്രമം നടന്നതായോ ഉള്ള ലക്ഷണങ്ങളില്ല. അതിനാൽ ഇതൊരു കൂട്ട ആത്മഹത്യയാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.
മരിച്ചവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇവർ തമ്മിലുള്ള ബന്ധം, മരിച്ചവരുടെ കൃത്യമായ വിലാസം എന്നിവ പോലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി കാറിനുള്ളിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. മരണത്തിന് പിന്നിൽ സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്നങ്ങളോ ഉണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു.
ഫ്ലൈഓവർ പോലെ തിരക്കുള്ള സ്ഥലത്ത് കാർ നിർത്തിയിട്ട് ഇത്തരമൊരു കൃത്യം ചെയ്തത് എന്തിനാണെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.



