ധാക്കുവാഖാന: കളംനിറഞ്ഞ് കളിച്ചിട്ടും ഭാഗ്യം തുണയ്ക്കാതെ പോയ ഫൈനലിൽ കേരളത്തിന് തോൽവി. എക്സ്ട്രാ ടൈം വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കേരളത്തെ വീഴ്ത്തി സർവീസസ് സന്തോഷ് ട്രോഫി കിരീടം ചൂടി. 109-ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിർണ്ണയിച്ചത്.(Services wins Santosh Trophy final)
ക്വാർട്ടറിലും സെമിയിലും കണ്ട അതേ ആക്രമണവീര്യത്തോടെയാണ് കേരളം കലാശപ്പോരിനിറങ്ങിയത്. മത്സരത്തിലുടനീളം പന്തടക്കത്തിലും മുന്നേറ്റത്തിലും കേരളം ആധിപത്യം പുലർത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ തിരിച്ചടിയായി.
27-ാം മിനിറ്റിൽ അർജുൻ തൊടുത്ത ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് കേരളത്തിന് വലിയ നിരാശയായി. ആദ്യ ഇലവനിലെത്തിയ ടി. ഷിജിന്റെ ഹെഡറും ഷോട്ടുകളും സർവീസസ് പ്രതിരോധത്തെ വിറപ്പിച്ചു. എന്നാൽ 57-ാം മിനിറ്റിൽ പരിക്കേറ്റ് താരം പുറത്തുപോയത് കേരളത്തിന്റെ താളം തെറ്റിച്ചു. സർവീസസ് ഗോൾകീപ്പർ ഗഗൻദീപിന്റെ അവിശ്വസനീയമായ സേവുകളാണ് കേരളത്തിന് കിരീടത്തിലേക്കുള്ള വഴി അടച്ചത്. 85-ാം മിനിറ്റിൽ വിഘ്നേഷിന്റെ ഗോളെന്നുറച്ച ഷോട്ടും ഗഗൻദീപ് തട്ടിയകറ്റി.
നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാവാത്തതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 109-ാം മിനിറ്റിൽ ഇടതുവിങ്ങിൽ നിന്നുവന്ന ഒരു ക്രോസ് കേരള ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും പന്ത് ലഭിച്ചത് അഭിഷേക് പവാറിന്റെ കാലുകളിലായിരുന്നു. ഒട്ടും വൈകാതെ പന്ത് വലയിലെത്തിച്ച് അഭിഷേക് സർവീസസിന് കിരീടം ഉറപ്പിച്ചു.



