കാസർഗോഡ്: പിണറായി വിജയൻ സർക്കാർ അവസാന ശ്വാസം വലിക്കുകയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും കെ. മുരളീധരൻ (K Muraleedharan). എല്ലാ മേഖലയിലും അഴിമതി നടത്തുന്നതാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്ന് അദ്ദേഹം ആരോപിച്ചു. കാസർഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ഭഗവാന്റെ സ്വത്ത് വരെ കവർന്നെടുത്ത സർക്കാരാണിത്. ദൈവത്തിന്റെ സ്വത്ത് മോഷ്ടിച്ചവർക്ക് ദൈവശാപം ലഭിക്കുമെന്നും, യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്വർണ്ണക്കൊള്ളക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ജയിലിലടയ്ക്കുമെന്നും മുരളീധരൻ പറഞ്ഞു. ശബരിമല കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചതിനെ പരാമർശിച്ച അദ്ദേഹം, എല്ലാ കള്ളന്മാരും പുറത്തിറങ്ങിയാൽ കേസ് തെളിയുമെന്ന കോടതിയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനും എം.വി. ഗോവിന്ദനും ചിത്തഭ്രമം ബാധിച്ച അവസ്ഥയിലാണെന്ന് അദ്ദേഹം പരിഹസിച്ചു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ കണക്ക് വ്യക്തമാക്കാൻ സിപിഎം തയ്യാറാകുന്നില്ല. സത്യം പറഞ്ഞ കുഞ്ഞിക്കൃഷ്ണനെ വേട്ടയാടാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണെന്നും ജനങ്ങൾ ഈ സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



