മോസ്കോ: ഇറാനിലെ ബുഷെർ ആണവനിലയത്തിന്റെ
രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും റഷ്യ തിരികെ എത്തിക്കുന്നു (Russia Evacuates Bushehr Nuclear Plant Workers). റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ആണവ കോർപ്പറേഷനായ ‘റോസാറ്റോം’ ആണ് ഇക്കാര്യം അറിയിച്ചത്. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്ന് റോസാറ്റോം സിഇഒ അലക്സി ലിഖാച്ചേവ് വ്യക്തമാക്കി.
ബുഷെർ നിലയത്തിലെ രണ്ടും മൂന്നും യൂണിറ്റുകളുടെ നിർമ്മാണത്തിനായി നിലവിൽ 600-ലധികം റഷ്യൻ ഉദ്യോഗസ്ഥർ ഇറാനിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ലിഖാച്ചേവ് പറഞ്ഞു. നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് പ്ലാന്റിലെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എങ്കിലും, പെട്ടെന്ന് നിർത്തിവെക്കാൻ കഴിയാത്ത ചില സാങ്കേതിക ജോലികൾക്കായി കുറച്ച് ഉദ്യോഗസ്ഥർ അവിടെ തുടരുന്നുണ്ട്.
ആദ്യ ഘട്ടത്തിൽ ചിലരെ ഒഴിപ്പിച്ചിരുന്നു. ഇപ്പോൾ രണ്ടാം ഘട്ടമായി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും മറ്റ് ജീവനക്കാരെയുമാണ് റഷ്യയിലേക്ക് തിരികെ എത്തിക്കുന്നത്. ഇതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും ഉടൻ തന്നെ ഇവരെ മാറ്റുമെന്നും റഷ്യൻ വാർത്താ ഏജൻസിയായ ടാസ് (TASS) റിപ്പോർട്ട് ചെയ്തു. ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് റഷ്യയുടെ ഈ നിർണ്ണായക നീക്കം.
Summary:
Russian state nuclear corporation Rosatom is preparing to evacuate the second group of its personnel and their families from the Bushehr nuclear power plant in Iran. Due to the escalating security situation, construction work on Units 2 and 3 has been temporarily suspended.

