Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeWorldപോലീസുകാരനിൽ നിന്ന് കൊടും കുറ്റവാളിയിലേക്കുള്ള യാത്ര: സൈനിക ഹെലിക്കോപ്റ്റർ പോലും വെടിവെച്ചിട്ട...

പോലീസുകാരനിൽ നിന്ന് കൊടും കുറ്റവാളിയിലേക്കുള്ള യാത്ര: സൈനിക ഹെലിക്കോപ്റ്റർ പോലും വെടിവെച്ചിട്ട ‘എൽ മെൻചോ’യെ കാത്തിരുന്ന ദുരന്തം! | El Mencho

🎙️ Latest Podcast

ലോകത്തിലെ ഏറ്റവും അപകടകാരിയായ കുറ്റവാളികളിലൊരാളും ‘ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടൽ’ (CJNG) തലവനുമായ നെമെസിയോ ഒസെഗ്വേര സെർവാന്റസ്  എന്ന എൽ മെൻചോ ആണ് മെക്സിക്കൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഫെബ്രുവരി 22-ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ഈ കൊടുംക്രിമിനൽ കുടുങ്ങിയത്.(Mexico’s drug lord El Mencho killed by army)

യുഎസ് ഇന്റലിജൻസ് വിവരങ്ങൾ കൈമാറിയതിനെത്തുടർന്ന് മെക്സിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ എൽ മെൻചോയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു മരണം. ഇയാൾക്കൊപ്പം മാഫിയാ സംഘത്തിലെ ഒൻപതുപേരും വധിക്കപ്പെട്ടു. എൽ മെൻചോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 15 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

നിയമപാലകനിൽ നിന്ന് നിയമലംഘകനിലേക്ക് എന്നതായിരുന്നു ഇയാളുടെ ജീവിതം. ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് വന്ന എൽ മെൻചോ 1980-കളിൽ അമേരിക്കയിലേക്ക് കുടിയേറി. കാലിഫോർണിയയിൽ മയക്കുമരുന്ന് കടത്തിന് ജയിലിലാവുകയും തുടർന്ന് മെക്സിക്കോയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു.

മെക്സിക്കോയിൽ തിരിച്ചെത്തിയ ശേഷം ഇയാൾ പ്രാദേശിക പോലീസ് സേനയിൽ ചേർന്നു. ഈ സമയത്താണ് ക്രിമിനൽ മാഫിയകളുടെ പ്രവർത്തനരീതികൾ പഠിച്ചത്.  2009-11 കാലഘട്ടത്തിൽ സിജെഎൻജി എന്ന സ്വന്തം ക്രിമിനൽ സംഘം രൂപീകരിച്ചു. മയക്കുമരുന്ന് കടത്ത്, കൊലപാതകം, പിടിച്ചുപറി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ.

ഒരു അർധസൈനിക വിഭാഗത്തിന് സമാനമായിരുന്നു എൽ മെൻചോയുടെ സംഘം. അത്യാധുനിക ആയുധങ്ങൾ, കവചിത വാഹനങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ ഇവർക്കുണ്ടായിരുന്നു. 2015-ൽ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിട്ടാണ് ഇവർ സൈന്യത്തെ നേരിട്ടത്. അതേവർഷം തന്നെ 24 പോലീസുകാരെയും ഇവർ കൂട്ടക്കൊല ചെയ്തു. കോവിഡ് കാലത്ത് ഭക്ഷണവും അവശ്യസാധനങ്ങളും വിതരണം ചെയ്ത് ജനങ്ങളുടെ പ്രീതി നേടാനും ഇയാൾ ശ്രമിച്ചിരുന്നു.

എൽ മെൻചോയുടെ ഭാര്യ റോസലിൻഡ ഗോൺസാലസാണ് സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. മകൻ റൂബൻ ഒസ്വേഗുവേര (എൽ മെൻചിറ്റോ) മയക്കുമരുന്ന് കടത്തിന് യുഎസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. എൽ മെൻചോയുടെ മരണത്തിന് പിന്നാലെ മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിൽ അനുയായികൾ അക്രമം അഴിച്ചുവിടുന്നത് ഭരണകൂടത്തെ ആശങ്കയിലാക്കുന്നുണ്ട്. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ സൈനിക സന്നാഹം ശക്തമാക്കിയിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.