ടെഹ്റാൻ: ഗൾഫ് മേഖലയെ വൻ യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണവും ഇതിന് മറുപടിയായുള്ള അമേരിക്കയുടെ ശക്തമായ തിരിച്ചടിയും ( Iran Missile Attack Kuwait). കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ ഒരേസമയം മിസൈൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ, ഇറാന്റെ തന്ത്രപ്രധാനമായ ഖഷം ദ്വീപ് ലക്ഷ്യമാക്കി യുഎസ് സൈന്യം കനത്ത വ്യോമാക്രമണം നടത്തി. സഖ്യരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ പ്രകോപനപരമായ നീക്കങ്ങൾക്ക് മറുപടിയായാണ് തങ്ങൾ ഈ ‘സ്വയംരക്ഷാ ആക്രമണം’ നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി അറിയിച്ചു. കുവൈത്തിനെ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ കടലിൽ പതിക്കുകയോ തകരുകയോ ചെയ്തതായാണ് വിവരം.
ബഹ്റൈന് നേരെ വന്ന മൂന്ന് ഇറാൻ മിസൈലുകൾ യുഎസിന്റെയും ബഹ്റൈന്റെയും വ്യോമപ്രതിരോധ സേനകൾ സംയുക്തമായി ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടു. ഇതിന് പിന്നാലെയാണ് ഇറാന്റെ അധീനതയിലുള്ള ഖഷം ദ്വീപി ലെ സൈനിക ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ യുഎസ് യുദ്ധവിമാനങ്ങൾ അതിശക്തമായ ബോംബാക്രമണം നടത്തിയത്. എന്നാൽ, ഈ വ്യോമാക്രമണത്തിന് പ്രതികാരമായി ബഹ്റൈനിലെ യുഎസ് അഞ്ചാം നാവിക വ്യൂഹത്തിന്റെ ആസ്ഥാനത്തിന് നേരെ മിസൈലുകളും ആത്മഹത്യാ ഡ്രോണുകളും അയച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഇരുവിഭാഗവും ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യയിൽ വൻ യുദ്ധസാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.
ഇറാൻ ലക്ഷ്യമിട്ട തങ്ങളുടെ സൈനിക താവളങ്ങൾക്ക് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് യുഎസ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം അന്താരാഷ്ട്ര ജലാശ്രയത്തിലൂടെ സഞ്ചരിച്ചിരുന്ന സിവിൽ കപ്പലുകളെ ലക്ഷ്യമാക്കി ഇറാൻ വിട്ട മൂന്ന് ഡ്രോണുകൾ കൂടി യുഎസ് സേന വെടിവെച്ചിട്ടു. ഖഷം ദ്വീപിന് നേരെ അമേരിക്ക നടത്തിയ ശക്തമായ ആക്രമണത്തോടെ ഗൾഫ് മേഖലയിലുടനീളം അതീവ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ധന വിതരണത്തെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും ഈ തർക്കം ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിൽ ലോകരാജ്യങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Summary: The Gulf region is under a severe threat of war following Iran’s missile and drone attacks on Kuwait and Bahrain. In a swift retaliation, the US military launched heavy airstrikes destroying a strategic Iranian military ground control station on Qasham Island. While US and Bahraini air defenses intercepted multiple threats, high alerts have been issued across the region due to the escalating conflict.

