തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് ശക്തമാകുന്നു. കൊല്ലം, കോട്ടയം, പാലക്കാട് തുടങ്ങി 12 ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.(Severe heat continues in the state, Yellow alert in 12 districts, will summer rains arrive?)
കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെട്ടേക്കാം.
സാധാരണ ലഭിക്കേണ്ടതിനേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ അധികം ചൂടാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. എന്നാൽ കടുത്ത വേനലിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് പരക്കെ വേനൽമഴ ലഭിച്ചേക്കുമെന്നും പ്രവചനമുണ്ട്. രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം കൂടുതലായതിനാൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം.

