തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് കടുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.(Heatwave in Kerala, Disaster Management Authority issues high alert)
കഴിഞ്ഞ 24 മണിക്കൂറിൽ ഇടുക്കിയിലെ മൂന്നാറിൽ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് (UV) സൂചികയാണ് രേഖപ്പെടുത്തിയത്. മൂന്നാറിൽ യുവി ഇൻഡക്സ് എട്ട് രേഖപ്പെടുത്തിയതിനെത്തുടർന്ന് ഓറഞ്ച് അലർട്ട് ആണ്. കൊട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, തൃത്താല, മാനന്തവാടി എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 6 മുതൽ 7 വരെ രേഖപ്പെടുത്തിയതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ 10 മണി മുതൽ 3 മണി വരെയാണ് അൾട്രാവയലറ്റ് രശ്മികൾ ശക്തമാകുന്നത്. ഇത് ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും കാരണമായേക്കാം.
പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം. ഒ.ആർ.എസ് ലായനി, സംഭാരം എന്നിവ പ്രോത്സാഹിപ്പിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കുക.
സ്കൂളുകളിൽ കുട്ടികൾക്ക് കുടിവെള്ളവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. വെയിലേൽക്കുന്ന തരത്തിലുള്ള അസംബ്ലികളും വിനോദയാത്രകളും 11 AM – 3 PM സമയത്ത് ഒഴിവാക്കണം. നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കുകയും വിശ്രമം ഉറപ്പാക്കുകയും വേണം. ഓൺലൈൻ ഭക്ഷണ വിതരണക്കാർ, മാധ്യമപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉച്ചസമയത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.

