തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ അളവ് ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് ഉയർന്ന യുവി സൂചിക രേഖപ്പെടുത്തിയ ആറ് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.(Extreme UV radiation in Kerala, Orange alert in six places)
ഓറഞ്ച് അലർട്ട് (സൂചിക 8-10): കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, യെല്ലോ അലർട്ട് (സൂചിക 6-7): ബേപ്പൂർ, മാനന്തവാടി, ധർമ്മടം, മൂന്നാർ, കളമശേരി, വിളപ്പിൽശാല, കൊട്ടാരക്കര എന്നിങ്ങനെയാണ് മുന്നറിയിപ്പ്. തുടർച്ചയായി വെയിൽ ഏൽക്കുന്നത് സൂര്യാതപം, ഗുരുതരമായ ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. പ്രതിരോധശേഷി കുറഞ്ഞവർക്കും ചർമ്മരോഗം ഉള്ളവർക്കും ഇത് കൂടുതൽ അപകടകരമാണ്.
പകൽ 10 മണി മുതൽ 3 മണി വരെ യുവി സൂചിക ഏറ്റവും ഉയർന്ന നിലയിലായിരിക്കും. ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ഉചിതമാണ്. പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, അൽബിനിസം ബാധിച്ചവർ എന്നിവർ അതീവ ജാഗ്രത പാലിക്കണം.
തെളിഞ്ഞ ആകാശമുള്ളപ്പോഴും മലമ്പ്രദേശങ്ങളിലും യുവി തോത് ഉയർന്നിരിക്കും. ജലാശയങ്ങൾ, മണൽ തുടങ്ങിയ പ്രതലങ്ങൾ ഈ രശ്മികളെ പ്രതിഫലിപ്പിക്കുമെന്നതിനാൽ ഇത്തരം മേഖലകളിൽ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണം. യാത്രയ്ക്കിടയിലും ജോലിസ്ഥലത്തും ഇടവേളകളിൽ തണലത്ത് വിശ്രമിക്കാൻ ശ്രദ്ധിക്കുക. അസാധാരണമായ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടണം.

