ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ റോഡരികിലെ കടയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ജാൽമുരി’ വാങ്ങി കഴിച്ചത് മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജാർഗ്രാമിലെ പ്രചാരണത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം.(It’s all drama, Mamata Banerjee reacts to PM Modi’s ‘jhalmuri’ break)
ബീർഭുമിലെ മുരാരൈയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത. പ്രധാനമന്ത്രിയുടെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു മമതയുടെ വിമർശനം. ഇതെല്ലാം വെറും നാടകമാണ്. യാതൊരു പ്ലാനുമില്ലാതെ പെട്ടെന്ന് ഒരു കടയിൽ കയറിയപ്പോൾ അവിടെ എങ്ങനെ ക്യാമറ എത്തിയെന്ന് ആലോചിച്ചിട്ടുണ്ടോ? എല്ലാം തിരക്കഥ പ്രകാരം നടന്നതാണ്, മമത പറഞ്ഞു.
പ്രധാനമന്ത്രിയുടെ കയ്യിൽ പത്ത് രൂപയുടെ നോട്ട് ഉണ്ടായിരുന്നതിനെയും മമത പരിഹസിച്ചു. അദ്ദേഹത്തിന്റെ പോക്കറ്റിൽ പത്ത് രൂപയുടെ നോട്ട് എപ്പോഴും ഇരിക്കാറുണ്ടോ? ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ എന്നും മമത ചോദിച്ചു. ഞായറാഴ്ച ജാർഗ്രാമിലെ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി ഒരു തട്ടുകടയിൽ കയറി ‘ഭായ്, എനിക്ക് ജാൽമുരി തരൂ’ എന്ന് ആവശ്യപ്പെടുകയായിരുന്നു. ലഘുഭക്ഷണം തയ്യാറാക്കുന്നതിനിടെ കടക്കാരനോട് അതിന്റെ വില ചോദിച്ച പ്രധാനമന്ത്രി, നെഹ്‌റു ജാക്കറ്റിന്റെ പോക്കറ്റിൽ നിന്ന് പണമെടുത്ത് നൽകുകയും ചെയ്തു.ഉള്ളി കഴിക്കുമോ എന്ന കടക്കാരന്റെ ചോദ്യത്തിന്, “ഉള്ളി കഴിക്കും, പക്ഷേ ഞാൻ ആരെയും ബുദ്ധിമുട്ടിക്കാറില്ല” എന്നായിരുന്നു മോദിയുടെ തമാശ കലർന്ന മറുപടി.

