ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിലൂടെ (KCL) ശ്രദ്ധേയരായ ‘ആലപ്പി റിപ്പിൾസ്’ (Alleppey Ripples) ഇനി വോളിബോൾ കോർട്ടിലും തങ്ങളുടെ പോരാട്ടവീര്യം പ്രകടിപ്പിക്കും (Alleppey Ripples Volleyball Team). പ്രശസ്തമായ മാവേലിക്കര ബിഷപ് മൂർ കോളേജിലെ വോളിബോൾ ടീമിനെ ഔദ്യോഗികമായി ഏറ്റെടുത്തുകൊണ്ടാണ് മാനേജ്‌മെന്റ് ഈ കായിക സാന്നിധ്യം വിപുലീകരിച്ചത്. ഗ്രാമീണ കായികരംഗത്തിന്റെ വികസനവും യുവ പ്രതിഭകളുടെ ശാക്തീകരണവും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന ചുവടുവെപ്പ്.
ക്രിക്കറ്റിലൂടെ ആരംഭിച്ച മുന്നേറ്റം വോളിബോളിലൂടെ കൂടുതൽ ഗ്രാമീണ യുവാക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആലപ്പി റിപ്പിൾസ് ഉടമയും സി.എസ്.എസ് (CSS) ഗ്രൂപ്പ് ചെയർമാനുമായ ടി. എസ്. കലാധരൻ വ്യക്തമാക്കി. മികച്ച പിന്തുണ നൽകി ഭാവിയിൽ ഇന്ത്യൻ കായിക മേഖലയ്ക്ക് തന്നെ മുതൽക്കൂട്ടാകുന്ന പ്രതിഭകളെ വാർത്തെടുക്കാനാണ് മാനേജ്മെന്റ് മുൻഗണന നൽകുന്നത്.
പരിചയസമ്പന്നരായ പ്രമുഖ താരങ്ങളെയും മിടുക്കരായ യുവ പ്രതിഭകളെയും ഉൾപ്പെടുത്തിയാണ് പുതിയ ടീം രൂപീകരിച്ചിരിക്കുന്നത്. ജൂനിയർ ഇന്ത്യൻ താരം അക്ഷയ് പ്രകാശ്, സീനിയർ ഇന്ത്യൻ ക്യാമ്പ് താരം മുഹമ്മദ് നിഹാൽ സി. കെ., പ്രൈം വോളി താരങ്ങളായ മുഹമ്മദ് ജാസിം, അൽജോ കെ. സാബു എന്നിവരാണ് ടീമിന്റെ കരുത്ത്. ഇവർക്ക് പുറമെ നാഷണൽ യൂത്ത് ചാമ്പ്യൻഷിപ്പ്, ഇന്ത്യൻ യൂണിവേഴ്സിറ്റി താരങ്ങളും ടീമിലുണ്ട്. കർണാടക, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ടീമിന്റെ ഭാഗമാണ്.
മുൻ കേരള സ്പോർട്സ് കൗൺസിൽ വോളിബോൾ കോച്ചും പ്രൈം വോളി പരിശീലകനുമായിരുന്ന മനോജ് എസ്. ആണ് ടീമിന്റെ മുഖ്യ പരിശീലകൻ. ആലപ്പി റിപ്പിൾസിന്റെ ഈ ചുവടുവെപ്പ് കോളേജിന്റെയും ആലപ്പുഴയുടെയും കായികരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ബിഷപ് മൂർ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജിത് മാത്യു അബ്രഹാം അഭിപ്രായപ്പെട്ടു.
News Summary: Popular Kerala Cricket League (KCL) franchise Alleppey Ripples has expanded its sports footprint by officially taking over the volleyball team of Bishop Moore College, Mavelikara. Aimed at bolstering grassroots sports development and nurturing rural athletic talent, the management plans to provide world-class exposure to young athletes. T.S. Kaladharan, owner of Alleppey Ripples and Chairman of CSS Group, stated that this move aligns with their vision to empower youngsters and prepare them for national and international arenas. The newly formed squad boasts top-tier talent, including Junior Indian player Akshay Prakash, Senior Indian campist Muhammed Nihal C.K., and Prime Volleyball league stars Muhammed Jasim and Aljo K. Sabu, alongside outstation players from Karnataka and West Bengal. Former Kerala Sports Council and Prime Volleyball coach Manoj S. will lead the team as head coach, a development highly welcomed by College Principal Dr. Ranjith Mathew Abraham.

