ന്യൂഡൽഹി: യുഎഇയിലേക്കുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും അടിയന്തരമായി റദ്ദാക്കി. അധികൃതരിൽ നിന്നുള്ള കർശന നിർദ്ദേശത്തെത്തുടർന്നാണ് നടപടി. എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനമെന്ന് കരുതപ്പെടുന്നുണ്ട്.(West Asian conflict, Air India and IndiGo cancel services to UAE)
നേരത്തെ മാർച്ച് 28 വരെ സ്ഥിരം സർവീസുകൾ റദ്ദാക്കിയിരുന്നുവെങ്കിലും ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് താൽക്കാലിക സർവീസുകൾ നടത്തിവരികയായിരുന്നു. ഇവയാണ് ഇപ്പോൾ പൂർണ്ണമായും തടസ്സപ്പെട്ടത്. മേഖലയിലെ വ്യോമഗതാഗതത്തെ ബാധിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് കഴിഞ്ഞ മണിക്കൂറുകളിൽ റിപ്പോർട്ട് ചെയ്തത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാർ സംവിധാനങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ആർക്കും പരിക്കില്ല. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ജോർദാൻ സ്വദേശിക്ക് പരിക്കേറ്റു. മറ്റ് ഡ്രോണുകളെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. അൽ ഖർജ് മേഖലയിൽ ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി.

