Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeNational'പശ്ചിമേഷ്യൻ സംഘർഷം ആശങ്കാജനകം, രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നു, ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം...

‘പശ്ചിമേഷ്യൻ സംഘർഷം ആശങ്കാജനകം, രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നു, ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണം’: പ്രധാനമന്ത്രി | PM Modi

🎙️ Latest Podcast

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യത്തിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസാമ്പത്തിക രംഗത്തിന് വലിയ വെല്ലുവിളിയുയർത്തുന്ന ഈ സംഘർഷത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭയിൽ വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ രാജ്യസഭയിലും പ്രധാനമന്ത്രി വിശദീകരണം നൽകും.(West Asia crisis is worrisome, says PM Modi on Parliament )

മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളെയും ഒരുപോലെ ബാധിക്കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. സംഘർഷമേഖലയിൽ ഒരു കോടിയോളം ഇന്ത്യക്കാർ ഉണ്ടെന്നത് കണക്കിലെടുത്ത് അവരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത്. ഇതിനോടകം 3,75,000 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞുവെന്നും എംബസികൾ വഴി പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കത്തിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. എങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ വിതരണത്തിൽ നിലവിൽ പ്രതിസന്ധിയില്ല. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതി 27 രാജ്യങ്ങളിൽ നിന്ന് 41 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചതും പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംഭരണശേഷി വർദ്ധിപ്പിച്ചതും പ്രതിസന്ധി ലഘൂകരിക്കാൻ സഹായിച്ചു.

60 ശതമാനം എൽപിജിയും ഇറക്കുമതി ചെയ്യുന്നതാണ്. നിലവിലെ സാഹചര്യത്തിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള വിതരണത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. എഥനോൾ ഉൽപ്പാദനം വർദ്ധിപ്പിച്ചതിലൂടെ നാലരക്കോടി ബാരൽ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാൻ സാധിച്ചു. റെയിൽവേ വൈദ്യുതീകരണം, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് നൽകിയ പ്രാധാന്യം ആഭ്യന്തര ഊർജ്ജ ഉപഭോഗത്തിൽ ഗുണകരമായ മാറ്റമുണ്ടാക്കി.

യുദ്ധം കാർഷിക മേഖലയെ എങ്ങനെ ബാധിക്കുമെന്നതിൽ ആശങ്കയുണ്ടെങ്കിലും കർഷകരെ പ്രതിസന്ധി ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. അന്തർമന്ത്രാലയ സമിതി രൂപീകരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യ ഉൽപ്പാദനം നടക്കുന്നുണ്ടെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ ആറ് യൂറിയ പ്ലാന്റുകൾ തുറന്നത് വളം ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വേനൽക്കാലത്ത് വൈദ്യുതി ആവശ്യം വർദ്ധിക്കുന്നത് കണക്കിലെടുത്ത് എല്ലാ നിലയങ്ങൾക്കും ആവശ്യമായ കൽക്കരി ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.